എടക്കര: രൂക്ഷമായ വന്യമൃഗ ശല്യത്തെത്തുടർന്ന് നീലഗിരി ജില്ലയിലെ ഗൂഢല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ പ്രഖ്യാപിച്ച 48 മണിക്കൂർ ഹർത്താൽ സന്പൂർണമായി. കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ പൊലിയുന്ന സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ 48 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച ആരംഭിച്ച ഹർത്താൽ വെള്ളിയാഴ്ച വൈകുന്നേരം വരെ പൂർണമായിരുന്നു. കടകന്പോളങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു. തേയിലത്തോട്ടങ്ങളും തേയില ഫാക്ടറികളും പെട്രോൾ പന്പുകളും പ്രവർത്തിച്ചില്ല. ഹോട്ടലുകൾ പോലും തുറന്ന് പ്രവർത്തിച്ചില്ല.
കേരളത്തിൽനിന്നുള്ള വാഹനങ്ങളോട് ഹർത്താലിൽ സഹകരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി അറിയിപ്പുണ്ടായിരുന്നു. ഇതിനു പുറമേ തമിഴ്നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ടറുടെയും അറിയിപ്പുണ്ടായിരുന്നു.
എന്നാൽ ഹർത്താലിന്റെ വിവരമറിയാതെ നിരവധി വാഹനങ്ങളാണ് ഓണാവധിയായതിനാൽ കേരളത്തിൽനിന്ന് തമിഴ്നാട് കയറിയത്. വ്യാഴാഴ്ച വൈകിട്ട് കേരളത്തിൽനിന്ന് നാടുകാണിയിലെത്തിയ വാഹനങ്ങൾക്ക് നേരേ കല്ലേറും അക്രമവുമുണ്ടായി. ഇതേത്തുടർന്ന് കേരള പൊലിസ് വഴിക്കടവ് ആനമറിയിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള വാഹനയാത്രക്കാരെ തടഞ്ഞ് മടക്കിവിടുകയും ചെയ്തു.
വന്യമൃഗ ശല്യം മൂലം ദുരിതത്തിലായ ഗൂഢല്ലൂരിലെ ജനങ്ങളുടെ സമരം വിജയിക്കണമെങ്കിൽ മലയാളികളുടെ സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് ഗൂഢല്ലൂർ താലൂക്കിൽ നരഭോജി കടുവയുടെ ഇരകളായത്. സമരം നടക്കുന്ന വ്യാഴാഴ്ച ഗൂഢല്ലൂർ ടൗണിൽ വരെ കാട്ടാനകളെത്തിയിരുന്നു. വന്യമൃഗ ശല്യംമൂലം നീലഗിരി താലൂക്കിൽ ജനജീവിതം ദുഃസഹമായ സാഹചര്യത്തിലാണ് എല്ലാവരുടെയും സഹകരണത്തോടെ 48 മണിക്കൂർ ഹർത്താൽ നടത്തിയത്.